ബ്യൂണസ് അയേഴ്സ്: ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ അർജന്റീനയുടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇനി ആര് അണിയുമെന്ന ചർച്ചയിലാണ് ഫുട്ബോൾ ലോകം. മെസ്സിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സി പിൻവലിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആഗ്രഹിച്ചിരുന്നെങ്കിലും ഫിഫയുടെ ഔദ്യോഗിക നിയമങ്ങൾ അതിന് അനുവദിക്കുന്നില്ല. ഫിഫയുടെ പ്രമുഖ ടൂർണമെന്റുകളിൽ ടീമിലെ കളിക്കാർക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ നൽകേണ്ടത് നിർബന്ധമാണ്.
തുടക്കത്തിൽ പരിശീലകൻ ലിയോണൽ സ്കലോണി പത്താം നമ്പർ ജേഴ്സി മറ്റാർക്കും നൽകതെ മാറ്റിനിർത്തിയിരുന്നുവെങ്കിലും ശാശ്വതമായി അത് തടഞ്ഞുവെക്കാൻ സാധിക്കില്ല. ഇതിനെത്തുടർന്ന്, അർജന്റീനയുടെ അടുത്ത പത്താം നമ്പർ ജേഴ്സിയുടെ പിൻഗാമിയായി 22-കാരനായ മധ്യനിര താരം നിക്കോ പാസിനെ നിയോഗിക്കാനാണ് സാധ്യത.
ഇറ്റാലിയൻ സീരി എ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ യുവതാരം ദേശീയ ടീമിലും തന്റെ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു. ഡ്രിബ്ലിംഗ് മികവുകൊണ്ടും കൃത്യതയാർന്ന പാസുകൾ കൊണ്ടും കളിക്കളത്തിൽ ശ്രദ്ധേയനായ നിക്കോ പാസ്, ബൊളീവിയക്കും ബെനിനുമെതിരായ മത്സരങ്ങളിൽ ഗോൾ നേടി മികവ് തെളിയിച്ചിരുന്നു. മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിൽ നിക്കോ പാസ് നേടിയ ഗോളിന് വഴിയൊരുക്കിയത് മെസ്സി തന്നെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
എങ്കിലും, ഐക്കണിക് പത്താം നമ്പർ ജേഴ്സി ഔദ്യോഗികമായി നിക്കോ പാസിന് എന്ന് നൽകുമെന്ന കാര്യത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ല.